Skip to main content

Posts

Showing posts from September, 2017

അക്ഷരം

അക്ഷരം ********** എന്റെ വിരൽത്തുമ്പിൽ പൂക്കുന്ന സുന്ദര സ്വപ്നമാണു നീ എന്റെ ഹൃദയത്തുടിപ്പിന്റെ ഓർമ്മപ്പെടുത്തലായി എന്റെ വിഷാദ യാത്രയിലെ ഇരുണ്ട പ്രഭാതങ്ങളിൽ ഉദിച്ച് എന്റെ മൗന സരോവരങ്ങളുടെ ചുവന്ന സന്ധ്യയിൽ അസ്തമിക്കുന്നു നീ ഇടയ്ക്കു നീ ബാല്യത്തിൽ കൗതുകവും കൗമാരത്തിൽ പ്രണയവും യൗവ്വനത്തിൽ ഓർമ്മകളും സമ്മാനിക്കുന്ന പ്രിയപ്പെട്ട വിരുന്നുകാരിയായി ഓരോ ഉയിർത്തെഴുന്നേൽപ്പിലും ജീവിതമെന്തെന്ന് എന്നെ പഠിപ്പിച്ച് ഒരു തുള്ളി മഷിയിൽ പിടഞ്ഞു മരിച്ച എന്റെ തന്നെ ആത്മാവിന്റെ അംശമാണു നീ ആരുമറിയാത്ത എന്റെ മനസ്സെന്ന കടംങ്കഥയ്ക്കുത്തരമായി ആരും കാണാതെ എന്റെ നഷ്ടങ്ങളിൽ ഞാനൊളിപ്പിച്ച മിഴിനീരാണു നീ ഒടുവിലൊരു നാൾ ആറടി മണ്ണിൽ ഞാനുറങ്ങവെ എന്റെ ജീവന്റെ അവശേഷിപ്പാവും നീ ഞാനെന്ന  പ്രാണനിൽ വിരിഞ്ഞ കയ്യൊപ്പായി എന്റെ അസ്ഥിയിൽ പൂക്കുന്ന ചുവപ്പായി എന്നും നീയുണ്ടാകും ഒരിക്കൽ ഞാൻ ജീവിച്ചിരുന്നു എന്നുള്ള കാലത്തിനുള്ള അടയാളപ്പെടുത്തലായി